വർഗ്ഗീയതക്കെതിരെ പൗരന്മാർ ഒന്നിക്കണം:
ഡോ.ഹുസൈൻ മടവൂർ
നിരവധി മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും നില നിൽക്കുന്ന ഇന്ത്യയിൽ ബഹുസ്വരതയുടെ നിലനിൽപ്പിനായി എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അറബി ഭാഷാ വിഭാഗം തലവൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
കേരള കൗൺസിൽ ഫോർ ചർച്ചസ് കോഴിക്കോട്ട് സംഘടിപ്പിച്ച യൂണിറ്റി ടോക് പരിപാടിയിൽ
Responsible Citizenship (ഉത്തരവാദിത്വ പൗരത്വം) എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളും മനുഷ്യർക്ക് നന്മയും സമാധാനവും സന്തോഷവുമുണ്ടാവണമെന്നാണാഗ്രഹിക്കുന്നത്.
ആരും ആരെയും ഉപദ്രവിക്കരുത്. ക്ഷേത്രങ്ങളും ചർച്ചകളും മസ്ജിദുകളും മറ്റു മത വിശ്വാസികളാൽ അക്രമിക്കപ്പെട്ടത് സങ്കടകരമാണ്. അതെല്ലാം മതവിരുദ്ധമായ പ്രവർത്തനങ്ങളാണ്. നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം എന്ന് പ്രഖ്യാപിക്കാനാണ് ഖുർആൻ പഠിപ്പിക്കുന്നത്.
മതം വർഗ്ഗീയതല്ല, വർഗ്ഗീയത മതവുമല്ല. നാം പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കണം.
ആരും ആരെയും ഭയപ്പെടുത്തരുത്, ഉപദ്രവിക്കരുത്. വർഗ്ഗീയതക്കെതിരിൽ നാമൊന്നിച്ച് നിൽക്കണം. അദ്ദേഹം വിശദീകരിച്ചു.
പരിപാടി തുടങ്ങിയത് അതിഥികളെല്ലാവരും കൂടി ഒരു മാംഗോസ്റ്റ്യൻ ചെടി നട്ടു കൊണ്ടാണ്.
ഈ മാംഗോസ്റ്റിയൻ തണൽ മരം വളർന്ന് വലുതാവുമ്പോൾ ആ മരച്ചോട്ടിൽ എല്ലാ മനുഷ്യർക്കും തണൽ ലഭിക്കട്ടെ എന്നായിരുന്നു എല്ലാവരുടെയും പ്രാർത്ഥന.
CSI ചർച്ചിൽ നടന്ന പരിപാടി വർത്തമാന കാലത്തിന് സമാശ്വാസം പകരുന്നതായിരുന്നു.
മലബാർ ക്രിസ്ത്യൻ കോളെജ് NSS വളണ്ടിയർമാർ പ്രാർത്ഥനാ ഗീതം ആലപിച്ചു.
കോഴിക്കോട് കത്തോലിക്കാ രൂപതാ ബിഷപ്പ് റവ. ഡോ. വർഗീസ് ചക്കാലക്കൽ, ശ്രീ രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ,
CSI മലബാർ രൂപതാ ബിഷപ്പ് റവ. ഡോ. റോയിസ് മനോജ് വിക്ടർ,
IECI ചെയർമാൻ ആർ യൂസുഫ് തുടങ്ങിയവരും സംസാരിച്ചു.
എല്ലാവരും ഇന്ത്യയുടെയും ലോകത്തിന്റെയും നാനാത്വത്തിലെ ഏകത്വത്തെക്കുറിച്ച് പറഞ്ഞു.
മതവും മതപ്രവർത്തനങ്ങളും മനുഷ്യർക്ക് സമാധാനം നൽകുന്നതാവണമെന്ന സത്യം ഒന്നിച്ച് പറയുന്ന അപൂർവ്വം വേദികളിലൊന്നായിരുന്നു ഇന്നലെ നടന്ന ഈ മത സൗഹാർദ്ദ പരിപാടി.