കുരങ്ങിന് ആപ്പിൾ നല്‍കി കളവ് പോയ മൊബൈൽ തിരിച്ച് വാങ്ങി
പന്തീരാങ്കാവ്:
ആദ്യമായാവും ഒരു മോഷ്ടാവിന് 'കൈമണി' നല്‍കി കളവ് പോയ സാധനം തിരിച്ച് വാങ്ങുന്നത്. ചൊവ്വാഴ്ച പന്തീരാങ്കാവില്‍ ഔട്ട് ഫിറ്റ് ഡ്രസ് ഉടമ പി. മുരളിയാണ് പൊലീസില്‍ പരാതി നല്‍കാതെ മോഷ്ടാവിന് ആപ്പിള്‍ കൊടുത്ത് നഷ്ടപ്പെട്ട മൊബൈല്‍ തിരിച്ചു വാങ്ങിയത്. കാണികളെ ഏറെ നേരം ആശ്ചര്യത്തിലാക്കി. കടയില്‍ ഇസ്തിരിയിട്ട് കൊണ്ടിരിക്കെയാണ് പൊടുന്നനെ എവിടെനിന്നോ വന്ന കുരങ്ങ് മുരളിയുടെ
മൊബൈല്‍ ഫോണുമായി കടന്നത്. കണ്ണടച്ച് തുറക്കും വേഗത്തില്‍ ഫോണുമായി മുങ്ങിയ കുരങ്ങിനു പിന്നാലെ പോയെങ്കിലും കാര്യമുണ്ടായില്ല.
സമീപത്തെ ബാങ്കില്‍ വന്ന പന്തീരാങ്കാവ് സ്വദേശി പറമ്പിന്തൊടി പ്രശാന്തും മകളും അവിചാരിതമായാണ് കുരങ്ങിനെ കണ്ടത്. പരിക്ക് പറ്റിയ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പരിചരണം നല്‍കാറുള്ള പ്രശാന്ത് കൗതുകത്തിന് തന്‍റെ മൊബൈലില്‍ ഫോട്ടോ എടുക്കുമ്പോൾ കുരങ്ങിന്‍റെ കൈയിലെ മൊബൈല്‍ ഫോണ്‍ ശ്രദ്ധിച്ചത്.
സമീപത്തെ കടയില്‍ നിന്ന് ആപ്പിള്‍ വാങ്ങി നല്‍കി കുരങ്ങനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുരങ്ങന്‍ തൊട്ടടുത്ത കെട്ടിടത്തിലേക്ക് കയറി. പിന്നെയും ഏറെ ശ്രമിച്ചാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് അവന്‍ പോയത്. അരമണിക്കൂറിലധികം കഴിഞ്ഞാണ് ഉടമക്ക് ഫോണ്‍ തിരിച്ചുകിട്ടിയത്.