ജൈവ പച്ചക്കറി കൃഷി വിളവെടുത്തു.
പെരുമണ്ണ :
പെരുമണ്ണ കൃഷിഭവന്റെ സഹകരണത്തോടെ അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.ടി മനോജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടി.എം ഷിറാസ് മുഖ്യാതിഥിയായി. സ്കൂളിനടത്തുള്ള 15 സെന്റ് ഭൂമിയിൽ ജൈവ രീതിയിൽ കൃഷി ചെയ്ത വെണ്ട, പയർ, വഴുതിന, മുളക്, തക്കാളി, ചീര,ചുരങ്ങ, പീച്ചിങ്ങ, മത്തൻ, കക്കിരി തുടങ്ങിയവയാണ് വിളവെടുത്തത്. കപ്പ കൃഷി വിളവെടുപ്പിന് പാകമായി വരുന്നുണ്ട്. ചടങ്ങിൽ പെരുമണ്ണ കൃഷി ഓഫീസർ പി.ശ്യാംദാസ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. അജിത, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ ഷമീർ, കമ്മന വേണുഗോപാൽ,എം.കെ ഗഫൂർ,എൻ.ഷറീന, കെ.പി അഹമ്മദ് ഫൈസൽ, കെ. ഇമാമുദ്ദീൻ, ടി.കെ ബാസില ഹനാൻ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക പി.പി ഷീജ സ്വാഗതവും കാർഷിക ക്ലബ്ബ് കൺവീനർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.