Peruvayal News

Peruvayal News

നാട്ടിക്കല്ലിങ്ങൽ ചിന്നൻ : നിസ്വാർത്ഥ തൊഴിലാളി.

നാട്ടിക്കല്ലിങ്ങൽ ചിന്നൻ : 
നിസ്വാർത്ഥ തൊഴിലാളി.



ആരെന്ത് പണി ചെയ്യാൻ പറഞ്ഞാലും, ചിന്നൻ ആത്മാർത്ഥമായി പണിയെടുക്കും. പണിയെ പറ്റി ചിന്നന്ന് ആരും പറഞ്ഞു കൊടുക്കേണ്ടി വരാറില്ല. എല്ലാം അദ്ദേഹം കണ്ടറിഞ്ഞു ചെയ്യും. കിട്ടുന്ന കൂലിക്കപ്പുറം പണിയെടുത്താലേ ചിന്നന് തൃപ്തിയുണ്ടാവൂ. അങ്ങനെ ചിന്നൻ നാട്ടിലെ അറിയപ്പെടുന്ന പണിക്കാരനായി. അയ്യപ്പൻ കുന്നത്ത് ചാത്തനും അക്കരപറമ്പിൽ ഉണ്ണിച്ചെറിയനും വേലായുധേട്ടനും ഭാസ്കരേട്ടനും കൊളങ്ങര അബ്ദു കാക്കയും എല്ലാം അന്നത്തെ മികച്ച തൊഴിലാളികളായിരുന്നു. കപ്പയും ഇഞ്ചിയും ചേമ്പും ചേനയും മഞ്ഞളും കാച്ചിലും എല്ലാം മണ്ണിലാക്കണമെങ്കിൽ ഇവരുടെ സഹായം വേണം. മധുരക്കിഴങ്ങും കൂർക്കലും മറ്റും ഇന്നത്തെ പോലെ അന്നത്തേയും ഇഷ്ട വിഭവങ്ങളായിരുന്നു.
ഒരു ദിവസം ചിന്നനെ ഞാൻ കണ്ടത് ഉയർന്ന ഒരു സ്ഥലത്താണ്. പിക്കാസ് കൊണ്ട് മണ്ണിടിക്കയാണ്. സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ വിസ്മയിപ്പിച്ചു. അരയിൽ ഒരു കയർ കുടുക്കി അത് അടുത്ത മരത്തിൽ ബന്ധിച്ചിരിക്കുന്നു.ആ ഉയർന്ന സ്ഥലത്തു നിന്നും വീഴാതിരിക്കാൻ ചിന്നൻ കണ്ട സൂത്രം. സാഹസിക ജോലികൾ ചിന്നന്ന് ഹരമായിരുന്നു.
ഞാനും ചിന്നനും കളിക്കൂട്ടുകാരായിരുന്നു. തേലീരി കുഞ്ഞാമു സാഹിബിന്റെ മൂത്ത മകളായ എന്റെ ഉമ്മ പലപ്പോഴും ചുള്ളിക്കാപറമ്പിലെ തേലീരി വീട്ടിൽ പോകും. അന്നേരം കാളി പ്പെണ്ണിനെയായിരുന്നു കുട്ടിയായ എന്നെ നോക്കാൻ ഏല്പിച്ചിരുന്നത്.ചിന്നനും ഞാനും പല കളികളിലും ഏർപ്പെടും. തത്ത, അണ്ണാൻ എന്നിവയോട് ചിന്നന് വലിയ ഇഷ്ടമായിരുന്നു. പിൽക്കാലത്ത് തെങ്ങിൽ നിന്നും തത്തയെ പിടിക്കുമായിരുന്നു. ചിന്നൻ അതിനൊരു സൂത്രം കണ്ടെത്തി. തത്തകൾ പാർക്കുന്ന തെങ്ങിൻ പൊത്തുകൾ  തേടിയിറങ്ങും. തെങ്ങിൽ കയറി ചക്ക മുറിച്ചാലുണ്ടാവുന്ന "വിളഞ്ഞി "കൂടിന്നു ചുറ്റും തേക്കും. ഇര തേടി പുറത്ത് പോയ തത്ത തിരിച്ചെത്തുമ്പോൾ, കൂട്ടിൽ കുടുങ്ങിയ തത്തയെ പിടികൂടി ചിന്നൻ കൂട്ടിലടക്കും. നായയെ പോറ്റലും ചിന്നന്റെ ഹോബിയായിരുന്നു. അവസാനം ചിന്നന്റെ മരണത്തിന് കാരണമായതും ഈ നായ പ്രേമമായിരുന്നു. ഒരു വെള്ളിയാഴ്ച ദിവസം കൂട്ടുകാരനോടൊപ്പം ചിന്നൻ ചേന്നമംഗല്ലൂർ ഭാഗത്തേക്ക്‌ നായക്കുട്ടിയെയും അന്വേഷിച്ചു പോയതായിരുന്നു. എല്ലാവരും വെള്ളിയാഴ്ച പ്രാർത്ഥനക്ക്‌ പോയ സമയം ചിന്നൻ തെയ്യതും കടവിൽ ഇരുവഴിഞ്ഞി പുഴയിൽ ഇക്കരക്ക് നീന്തുകയായിരുന്നു. വെള്ളം അദ്ദേഹത്തെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ടു പോയി. ചിന്നൻ വെള്ളത്തിൽ പോയെങ്കിലും നാട്ടുകാർ കുടുംബത്തെ കൈവെടിഞ്ഞില്ല. രണ്ടു പെൺകുട്ടികൾ കരുത്തരായ രണ്ടു ചെറുപ്പക്കാരുടെ കരങ്ങളിലെത്തി. മകൻ അത്യാവശ്യം തരക്കേടില്ലാത്ത ജോലിയുമായി കഴിയുന്നു. ഭാര്യ ലീലേച്ചി അയൽക്കാരുടെയും നാട്ടുകാരുടെയും പ്രിയങ്കരിയാണ്.
കഠിനാധ്വാനിയായിരുന്ന ചിന്നൻ പണി കഴിഞ്ഞാൽ അൽപം സേവിക്കുമായിരുന്നു. അപ്പോൾ ചിന്നൻ ഇത്തിരി പ്രശ്നങ്ങളൊക്കെയുണ്ടാക്കും. അതിന്റെ പേരിൽ ഞങ്ങൾക്കൊന്നും പ്രയാസമുണ്ടായിരുന്നില്ല.
നാട്ടിക്കല്ലിങ്ങൽ അറമുഖന്റെ ആദ്യഭാര്യ, ചിന്നന്റെ അമ്മ മരിച്ചപ്പോൾ സഹോദരിയെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. അവരാണ് കാളിപ്പെണ്ണ്. ഞങ്ങളുടെയൊക്കെ അമ്മ. അമ്മ എപ്പോഴും വീട്ടിൽ ഉമ്മയോടൊപ്പമുണ്ടാകും. നാട്ടുകാരുടെ ഇഷ്ടക്കാരിയായ കാളിപ്പെണ്ണ് മൺ മറഞ്ഞത് ആരെയും പ്രയാസപ്പെടുത്തതെയായിരുന്നു. ചിന്നനും അമ്മയും ഇന്നും ഞങ്ങളുടെ മനസ്സിൽ നിറ സാന്നിധ്യമാണ്.
Don't Miss
© all rights reserved and made with by pkv24live